കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒത്തിണങ്ങിയതാണ് മുട്ടയെന്നു പറയാം. മുട്ട വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും മസിലുണ്ടാക്കാന്‍ ശ്രമിയ്‌ക്കുന്നവര്‍ക്കുമെല്ലാം ഏറെ ആരോഗ്യകരമെന്നു വേണം, പറയാന്‍. ഇതിലെ പ്രോട്ടീനുകളാണ് പ്രധാന ഗുണം നല്‍കുന്നത്. ഇതു മസിലുകള്‍ക്ക് ഉറപ്പും ശക്തിയും നല്‍കുന്നു.
കാല്‍സ്യം, വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഒന്നു കൂടിയാണ് മുട്ട. വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്നത്തെ കാലത്തു കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ആഗിരണവും കുറയും, ഇത് എല്ലുകളെ ദുര്‍ബമാക്കും. മുട്ടയുടെ വെള്ളയും മഞ്ഞയുമെല്ലാം ഒരു പോലെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ മിതമായ അളവില്‍ മുട്ട മഞ്ഞ കഴിയ്‌ക്കണമെന്നു മാത്രമേയുള്ളൂ. മുട്ട പുഴുങ്ങിയും പൊരിച്ചും ഓംലറ്റായും കറി വച്ചുമെല്ലാം പല തരത്തില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തന്നെ ആരോഗ്യകരം പുഴുങ്ങിയ മുട്ട എന്നു പറയാം. പുഴുങ്ങുന്ന ഏതു ഭക്ഷണ സാധനത്തിനും ഗുണം കൂടും. ഇതു പോലെ പുഴുങ്ങിയ മുട്ടയും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നതാണ്. എന്നാല്‍ മുട്ട പുഴുങ്ങുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. ഇതു ശ്രദ്ധിയ്‌ക്കാതിരുന്നാല്‍ മുട്ട പുഴുങ്ങി കഴിയ്‌ക്കുന്നതിന്റെ ഗുണം ലഭിയ്‌ക്കില്ലെന്നു മാത്രമല്ല, ഇത് ദോഷം വരുത്തുകയും ചെയ്യും.
സാധാരണ മുട്ട പുഴുങ്ങുവാന്‍ നാം സമയ ക്രമം പാലിക്കാറില്ല. മുട്ട പുഴുങ്ങാനിട്ട് സൗകര്യം പോലെ ഓഫാക്കുന്ന ശീലമാണ് പലര്‍ക്കും. ഇതില്‍ പ്രത്യേകിച്ച് ഒരു ദോഷവും വരുന്നില്ലെന്നതും ഇതില്‍ പ്രത്യേകിച്ച് ഒന്നും ശ്രദ്ധിയ്‌ക്കാനില്ലെന്നതുമായ തോന്നലുകളാണ് ഇതിനു പുറകില്‍. എന്നാല്‍ മുട്ട അമിത സമയം പുഴുങ്ങുന്നത് മുട്ടയുടെ ഗുണം നശിപ്പിക്കുമെന്നു മാത്രമല്ല, മുട്ടയെ വിഷമയമാക്കുമെന്നും പറയണം. മുട്ട കൂടുതല്‍ സമയം വെന്തുവെന്നു മനസിലാക്കാന്‍ പുഴുങ്ങിയ മുട്ടയുടെ തോല്‍ കളഞ്ഞ് ഉളളിലെ മഞ്ഞ ശ്രദ്ധിച്ചാല്‍ മതിയാകും. മഞ്ഞയ്‌ക്കു ചുറ്റുമായി പച്ച നിറത്തിലെ ചെറിയൊരു ആവരണം പോലെ കാണാം. ഇത് മുട്ട കൂടുതല്‍ നേരം വെന്തുവെന്നതിന്റെ സൂചനയാണ്. ഈ പച്ച നിറം പുഴുങ്ങിയ മുട്ടയുടെ ആരോഗ്യപരമായ എല്ലാ ഗുണങ്ങളും കളയുന്ന ഒന്നു കൂടിയാണ്.
മുട്ട കൂടുതല്‍ വേവിയ്‌ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയില്‍ രൂപപ്പെടും. മുട്ടയുടെ വെള്ളയിലാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടുന്നത്. മുട്ടയുടെ പ്രോട്ടീനിലാകട്ടെ, സള്‍ഫറുമുണ്ട്. ഇതാണ് മുട്ടയ്‌ക്ക് രൂക്ഷ ഗന്ധം നല്‍കുന്നത്. മുട്ട അമിതമായി വേവിയ്‌ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ എന്നിവ ചേര്‍ന്ന് ഒരു പ്രത്യേക വിഷവാതകമുണ്ടാകുന്നു. ഈ വിഷ വാതകമാണ് മുട്ട മഞ്ഞയുടെ ചുറ്റും പച്ച നിറമുണ്ടാക്കുവാന്‍ കാരണമാകുന്നത്.