ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പിന്തള്ളിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ഡിഎംകെ അണികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയുണ്ടായി. മറീനാ ബീച്ചില്‍ കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു.എന്നാല്‍ ഗിണ്ടിയില്‍ സ്ഥലം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ അനുവദിച്ചത്.
മറീനാബീച്ചില്‍ സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്നും കോടതി ഇക്കാര്യത്തില്‍ നിലപാട് എടുക്കാത്തതിനാലുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം ഹര്‍ജിയില്‍ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.