• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വിജയക്കൊടിപ്പാറിച്ച്‌ നാല്‌ എംഎല്‍എമാര്‍; ആറിടത്ത്‌ ഇനി ഉപതിരഞ്ഞെടുപ്പ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പത്‌ എംഎല്‍എമാരില്‍ നാല്‌ പേര്‍ വിജയിച്ചതോടെ സംസ്ഥാനത്ത്‌ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി. അരൂര്‍ എംഎല്‍എ ആരിഫ്‌ ആലപ്പുഴ മണ്ഡലത്തിലും എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളത്തും കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്‌ ആറ്റിങ്ങലിലും വട്ടിയൂര്‍ക്കാവ്‌ എംഎല്‍എ കെ.മുരളീധരന്‍ വടകരയിലുമാണ്‌ വിജയിച്ചത്‌. പി.ബി. അബ്ദുല്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന്‌ ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്നു ഒഴിഞ്ഞുകിടക്കുന്ന പാലായിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ്‌ നടക്കും.

മത്സരം കനത്തതോടെ, വിജയം ഉറപ്പാക്കാനാണ്‌ എംഎല്‍എമാരെത്തന്നെ മുന്നണികള്‍ രംഗത്തിറക്കിയത്‌. ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സരിപ്പിച്ചത്‌ എല്‍ഡിഎഫാണ്‌ -ആറ്‌ പേര്‍. ഇവരില്‍ ആരിഫ്‌ ഒഴികെയുള്ളവര്‍ പരാജയപ്പെട്ടു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും നെടുമങ്ങാട്‌ എംഎല്‍എ സി.ദിവാകരന്‍ തിരുവനന്തപുരം മണ്ഡലത്തിലും ആറന്മുള എംഎല്‍എ വീണാജോര്‍ജ്‌ പത്തനംതിട്ടയിലും അരൂര്‍ എംഎല്‍എ ആരിഫ്‌ ആലപ്പുഴയിലും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പൊന്നാനിയിലും കോഴിക്കോട്‌ നോര്‍ത്ത്‌ എംഎല്‍എ പ്രദീപ്‌ കുമാര്‍ കോഴിക്കോട്‌ മണ്ഡലത്തിലും മത്സരിച്ചു.

ശശി തരൂരിനെതിരെ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ച നീണ്ടതോടെയാണ്‌ മണ്ഡലത്തില്‍ പരിചിതനായ സി.ദിവാകരന്‍ എംഎല്‍എയുടെ പേര്‌ ഉയര്‍ന്നുവന്നത്‌. സിപിഎമ്മിന്റെ പിന്തുണ ലഭിച്ചെങ്കിലും വിജയിക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ അട്ടിമറിവിജയം നേടിയ വീണയുടെ കരുത്ത്‌ പത്തനംതിട്ട പിടിക്കാന്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ്‌ മണ്ഡലത്തിലേക്ക്‌ വീണയുടെ പേര്‌ നിര്‍ദേശിക്കപ്പെട്ടത്‌. ആറന്മുളയിലെ വിജയം ആവര്‍ത്തിക്കാന്‍ വീണയ്‌ക്ക്‌ കഴിഞ്ഞില്ല.

മൂന്ന്‌ എംഎല്‍എമാരെയാണ്‌ കോണ്‍ഗ്രസ്‌ മത്സരരംഗത്തിറക്കിയത്‌. വടകരയില്‍ സിപിഎം സ്ഥാനാര്‍ഥി പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ കെ.മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്‌. എറണാകുളത്ത്‌ സിപിഎം സ്ഥാനാര്‍ഥി പി.രാജീവിനെതിരെ എറണാകുളം എംഎല്‍എ ഹൈബി ഈഡനും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി എ.സമ്പത്തിനെതിരെ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും മത്സരിച്ചു. മൂന്നു പേരും ജയിച്ചത്‌ നേട്ടമായി.

Top