• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മണ്ഡലങ്ങള്‍ ഇളക്കി മുന്നണികളുടെ കലാശക്കൊട്ട്‌; ഇനി നിശബ്ദപ്രചാരണം

സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണത്തിന്‌ ആവേശകരമായ സമാപനം. പ്രചാരണാവേശവുമായി മുന്നണി പ്രവര്‍ത്തകര്‍ മണ്ഡലങ്ങളുടെ വിവിധ കേന്ദ്രങ്ങളില്‍ നിറഞ്ഞു. മുന്‍നിര നേതാക്കളെ ഒപ്പംകൂട്ടിയായിയിരുന്നു സ്ഥാനാര്‍ഥികളുടെ അവസാനവട്ട റോഡ്‌ ഷോ. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരവീര്യം പ്രകടമാക്കിയായിരുന്നു കലാശക്കൊട്ട്‌.

അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആവേശത്തോടെ പ്രചാണത്തിന്‌ അവസാനം കുറിച്ചു. കോന്നിയില്‍ ചില തര്‍ക്കങ്ങള്‍ യുഡിഎഫും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ്‌ ലാത്തിവീശി. നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. ഞായറാഴ്‌ച നിശബ്ദ പ്രചാരണത്തിനുശേഷം 21ന്‌ ജനം വിധിയെഴുതും. 24ന്‌ ഫലം പുറത്തു വരും.

തിരഞ്ഞെടുപ്പ്‌ നടക്കുന്ന മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്‌, എറണാകുളം നിയമസഭാ മണ്ഡലങ്ങള്‍ വാശിയേറിയ പ്രചാരണത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. ഇത്രയും നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്ച്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചാരണത്തിലും പ്രതിഫലിച്ചു.

എല്‍ഡിഎഫ്‌, യുഡിഎഫ്‌, എന്‍ഡിഎനേതൃത്വവും പ്രവര്‍ത്തകരും അഞ്ചു മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ചു. മൂന്നു മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ്‌ പ്രാധാന്യമേറിയതാണ്‌. ജാതി കേന്ദ്രീകൃതമായ പ്രചാരമുണ്ടായതിനാല്‍ വിജയ പരാജയങ്ങള്‍ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റം വരുത്താം.

ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളില്‍ അരൂര്‍ ഒഴികെ മറ്റു മണ്ഡലങ്ങള്‍ യുഡിഎഫിന്റെ കൈവശമാണ്‌. പരമാവധി സീറ്റുകള്‍ പിടിച്ച്‌ ശക്തി തെളിയിക്കാനാണ്‌ എല്‍ഡിഎഫ്‌ ശ്രമിക്കുന്നത്‌. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസമുണ്ട്‌. സര്‍ക്കാരിന്റെ വിലയിരുത്തലായി ഉപതിരഞ്ഞെടുപ്പ്‌ മാറുമെന്നതിനാല്‍ ചിട്ടയായ പ്രവര്‍ത്തനമാണ്‌ മുന്നണി നടത്തുന്നത്‌.

കൈവശമുണ്ടായിരുന്ന നാലു സീറ്റുകളില്‍ മത്സരം നടക്കുന്നതിനാല്‍ വിജയം യുഡിഎഫിനും ഒഴിച്ചുകൂടാനാകാത്തതാണ്‌. അരൂര്‍കൂടി പിടിച്ചെടുത്ത്‌ ഉജ്ജ്വലവിജയം നേടാനാണ്‌ ശ്രമം. പാലായിലുണ്ടായ ക്ഷീണം ഈ തിരഞ്ഞെടുപ്പില്‍ മാറ്റിയാലേ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി മുന്നണിയെ സജ്ജമാക്കാനാകൂ. പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ ബിജെപി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പ്രതീക്ഷ പുലര്‍ത്തുന്നു. കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതിനാല്‍ കോന്നിയിലും പ്രതീക്ഷയുണ്ട്‌. സമുദായ സംഘടനകളുടെ നിലപാട്‌ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചെന്നറിയാന്‍ കാത്തിരിക്കുകയാണ്‌ മുന്നണികള്‍.

Top