തിരുവനന്തപുരം: ഡിജിപി ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായും പൊലീസ് മേധാവിയായും ഡിജിപി ലോക്നാഥ് ബഹ്റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്താനയെ നിയമിക്കുന്നത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍. സി അസ്താന. നിലവില്‍ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് ശക്തമായി വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ 11 മാസമായി ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സിന്റെ ചുമതല വഹിക്കുന്നത്.
വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പരിഗണിക്കാവൂ എന്ന് നിയമം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നും എഡിജിപി റാങ്കിലുള്ളവരെ നിയമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.