മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗര റജിസ്റ്ററും (എന്‍ആര്‍സി) രാജ്യത്തെ വലിയ ന്യൂനപക്ഷമായ 20 കോടി ജനസംഖ്യയുള്ള മുസ്‌ലിംകളെ ബാധിച്ചേക്കുമെന്ന് യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസിന്റെ (സിആര്‍എസ്) റിപ്പോര്‍ട്ട്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തുവെന്നും ഡിസംബര്‍ 18ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
'1955 ലെ പൗരത്വ നിയമത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുന്നതു വിലക്കുന്നു. മാത്രമല്ല, 1955 മുതല്‍ ഈ നിയമത്തില്‍ വരുത്തിയ നിരവധി ഭേദഗതികളില്‍ ഒന്നും തന്നെ മതപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല' റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംകളെ ഒഴിവാക്കിക്കൊണ്ട് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറു മതങ്ങളിലെ കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാനുദ്ദേശിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവ ലംഘിക്കുന്നുവെന്നും സിആര്‍എസ് ചൂണ്ടിക്കാട്ടി.