മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവായുടെ അമേരിക്കയിലെ ശ്ലൈഹീക സന്ദര്‍ശനം തുടരുന്നു.
ജൂലൈ 12 വെള്ളിയാഴ്‌ച എമിറേറ്റ്‌സ് വിമാനത്തില്‍ ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ എത്തിയ പരിശുദ്ധ ബാവയെ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സംഘമാണ് എതിരേറ്റത്. സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ തുടങ്ങിയവരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.
മൗണ്‍ ടൗണിലുളള ഭദ്രാസന അരമനയില്‍ വിശ്രമിച്ചശേഷം പരി. ബാവാ ശനിയാഴ്‌ച രാവിലെ ന്യൂജേഴ്‌സിയിലെ ലിന്‍സന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെത്തി അവിടെ വി. കുര്‍ബ്ബാനയ്‌ക്ക് ശേഷം നടന്ന കാതോലിക്കാ ദിനാചരണ ചടങ്ങുകളില്‍ അദ്ധ്യക്ഷത വഹിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും, പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങി.
തുടര്‍ന്ന് തിരികെ അരമനയിലെത്തിയ പരി. ബാവ ഞായറാഴ്‌ച രാവിലെ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി. കുര്‍ബ്ബാനയ്‌ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ഇടവകയുടെ 20-ാം വാര്‍ഷികാഘോഷങ്ങളിലും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.
പരി. ബാവയും സംഘവും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുമായും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായും ആശയ വിനിമയം നടത്തും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ശ്ലൈഹിക സന്ദര്‍ശനം അവസാനിപ്പിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലേക്ക് പോകുന്ന പരി. ബാവാ ജൂലൈ 15 ന് തിങ്കളാഴ്‌ച ഫ്‌ളോറിഡായിലും, 16 ചൊവ്വാഴ്‌ച മുതല്‍ 22 തിങ്കളാഴ്‌ച വരെ ഷിക്കാഗോയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടന കര്‍മ്മവും നിര്‍വഹിക്കും. ജൂലൈ 23 ചൊവ്വാഴ്‌ച പരി. ബാവ കേരളത്തിലേക്ക് യാത്ര തിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (718) 470 - 9844