ദില്ലി: ഇത്തവണത്തെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഡ്രസ് കോഡ് നിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ പുറത്തിറക്കി. കഴിഞ്ഞ തവണത്തെ വസ്ത്രം അഴിച്ചുള്ള പരിശോധനയും വസ്ത്രം മുറിക്കലുമെല്ലാം വിവാദമായ സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഹിജാബ് ഉള്‍പ്പെടെയുള്ള മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നാണ് സിബിഎസ്‌ഇയുടെ നിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഏറെ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സിബിഎസ്‌ഇ വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മതപരമായ വസ്ത്രം ധരിക്കാതിരിക്കുന്നവര്‍ ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രമാണ് ധരിക്കേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല, വലിയ ബട്ടണ്‍സ്, ബാഡ്ജ്, ബ്രൂച്ച്, പൂവ് തുടങ്ങിയവയൊന്നും വസ്ത്രത്തില്‍ ഉണ്ടാവരുത്. ഹിജാബിന്റെ കാര്യത്തിലൊഴികെ ബാക്കി നിര്‍ദേശങ്ങളെല്ലാം 2017ലെ ഉത്തരവിന് സമാനമാണ്. മെയ് ആറിന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെയാണ് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളെ വസ്ത്രം അഴിച്ച് പരിശോധിച്ച് വന്‍ വിവാദമുണ്ടാക്കിയിരുന്നു.