ഭാരത് സ്റ്റേജ്4 നിരവാരത്തിലുള്ള വാഹനങ്ങള്‍ 2020 മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക വിധി.
2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ്6 നിലവാരത്തിലുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും മാത്രമേ അനുവദിക്കാവു എന്നും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ മഥന്‍ ബി ലോക്കൂര്‍, അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വാഹനങ്ങളില്‍നിന്നു പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡം.
ബി.എസ്.3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.4 വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍സ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷപദാര്‍ത്ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.