കേരള കോണ്‍ഗ്രസ് (എം) അടുത്ത ചെയര്‍മാന്‍ സി.എഫ്.തോമസ് ആയിരിക്കുമെന്നു പി.ജെ.ജോസഫ്. രണ്ടായി വിഭജിച്ചു നില്‍ക്കുന്ന പാര്‍ട്ടിയിലെ ജോസഫ് വിഭാഗം നേതൃസമ്മേളനത്തിനൊടുവിലാണു പ്രഖ്യാപനം. മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തിരഞ്ഞെടുത്തത് അനധികൃത യോഗമായിരുന്നെന്നും ജോസ് കെ.മാണി പക്ഷത്തെ ജോസഫ് വിമര്‍ശിച്ചു.
പാര്‍ട്ടിയില്‍നിന്നു വിട്ടുപോയവര്‍ തെറ്റു തിരുത്തി മടങ്ങിവന്നാല്‍ ഒന്നിച്ചു പോകാം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് അധികാരമുള്ള ഞങ്ങള്‍ വിളിക്കുന്നതാണ് ഔദ്യോഗിക യോഗം. മറുപക്ഷത്ത് അധികാരമില്ലാത്തയാളാണു മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തിരഞ്ഞെടുത്ത അനധികൃത യോഗം വിളിച്ചത്. ആ യോഗത്തില്‍ പങ്കെടുക്കാത്ത മൂന്ന് പേരുടെ കള്ള ഒപ്പിട്ടു. ആകെ തട്ടിപ്പായിരുന്നു അവിടെ. പല തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമായതിനാലാണു ജോസ് കെ.മാണി ആവശ്യപ്പെട്ടിട്ടും അന്നു താന്‍ യോഗം വിളിക്കാതിരുന്നത്.
അന്നേരം അനധികൃത യോഗം വിളിച്ച് സ്വയം ചെയര്‍മാനാണെന്നു പ്രഖ്യാപിച്ചാല്‍ എന്തു ചെയ്യാനാവും. നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്‌ക്കും. പാലായില്‍ നിഷ ജോസ് കെ.മാണിയെയാണു നിര്‍ദേശിക്കുന്നതെങ്കില്‍ അവരെയും പിന്തുണയ്‌ക്കും. നിയമസഭയില്‍ കക്ഷി നേതാവായ താന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുമ്പോള്‍ റോഷി അഗസ്റ്റിനും എന്‍.ജയരാജും ചേരാറുണ്ട്. ഭാവിയില്‍ അവര്‍ പാര്‍ട്ടി ചെയര്‍മാനെ ഉള്‍പ്പടെ അംഗീകരിക്കും. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളില്‍ ആരുടെ കൂടെയാണ് ആളുള്ളതെന്ന് കാലം തെളിയിക്കും -പി.ജെ.ജോസഫ് വ്യക്തമാക്കി.