സാബു പുളിന്തറക്കുന്നേല്‍
നാടകീയമായ രംഗങ്ങള്‍ക്കും ശക്തവും ആസൂത്രിതവുമായ കൂടിയാലോചനകള്‍ക്കും ഒടുവില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനായ തോമസ് ചാഴിക്കാടന്‍ ആണ് പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ത്ഥിയാവാനുള്ള മോഹം തട്ടിത്തെറിപ്പിച്ചത്.
കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ ഇടപെട്ട കോണ്‍ഗ്രസ്, പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് അഭ്യര്‍ത്ഥിച്ചു. പി.ജെ. ജോസഫിനെ പൂര്‍ണമായി അവഗണിക്കാനുള്ള നീക്കം ഒഴിവാക്കണമെന്നും പാര്‍ട്ടി ഒരു കാരണവശാലും പിളര്‍പ്പിലേക്ക് നീങ്ങരുതെന്നും നേതാക്കള്‍ മാണിയോട് ആവശ്യപ്പെട്ടതായാണ് മലയാളം വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്.
ഇതേസമയം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താന്‍ ഇപ്പോഴും ശുഭാപ്‌തി വിശ്വാസത്തിലാണെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആദ്യ പ്രതികരണം.. സീറ്റില്ലെന്ന അറിയിപ്പൊന്നും തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ്‌പ്രതീക്ഷയെന്നും ജോസഫ് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ വ്യക്തമാക്കി.
കോട്ടയം സീറ്റില്‍ പി.ജെ.ജോസഫ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കെ കോട്ടയം ജില്ലാ ഘടകം എതിര്‍പ്പുമായി രംഗത്തെത്തിയതാണ് ജോസഫിന് വിനയായത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജോസഫിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിരുന്നു.
.ജോസഫിനെ പ്രതിരോധിക്കാനുള്ള ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് വിജയം കണ്ടത്. നേരത്തെ ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണിയോടും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ ജോസഫ് വേണമെന്നായിരുന്നു യു. ഡി.എഫിന്റെ ആദ്യ നിലപാട്.