ചെങ്ങന്നൂര്‍: ചെങ്കന്നൂരായി ചെങ്ങന്നൂര്‍. ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കിയ ചരിത്രമുള്ള യുഡിഎഫിനെ ഞെട്ടിച്ച് നേടിയ ചെങ്ങന്നൂരിലെ റെക്കോര്‍ഡ് വിജയം അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് പാളയത്തേയും അമ്ബരപ്പിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്രയേറെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് താന്‍ പോലും തിരിച്ചറിഞ്ഞില്ലെന്ന് നിയുക്ത എംഎല്‍എ സജി ചെറിയാന്‍ അഭിപ്രായപ്പെട്ടതും ഇതുകൊണ്ടു തന്നെ. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച എല്‍ഡിഎഫിന് ഇരട്ടിമധുരമാവുകയായിരുന്നു ഇരുപതിനായിരം കടന്ന ഭൂരിപക്ഷം.
20956 വോട്ടിന്റെ ചരിത്ര വിജയമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനു വേണ്ടി സജി ചെറിയാന്‍ സ്വന്തമാക്കിയത്. 67303 വോട്ടുകള്‍ സജി ചെറിയാന്‍ പെട്ടിയിലാക്കിയപ്പോള്‍ 46347 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ഡി വിജയകുമാര്‍ രണ്ടാമതും 35270 വോട്ടുകള്‍ മാത്രം നേടാനായ ബിജെപിയുടെ മൂന്നാം സ്ഥാനത്തും ഒതുങ്ങി.
ഈ വിജയത്തോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന റെക്കോര്‍ഡ് സജി ചെറിയാന്റെ പേരിലായി. സജി ചെറിയാന്‍ നേടിയ 20956 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ്. 1987ല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് അംഗമായ മാമ്മന്‍ ഐപ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ മറികടന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നേടിയത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ സകല പ്രതിരോധ തന്ത്രങ്ങളും തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ചെങ്ങന്നൂരില്‍ കണ്ടത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ടെന്ന വ്യാജ വാര്‍ത്തകളെ വിശ്വസിച്ച യുഡിഎഫിനും ബിജെപിക്കും മുഖത്തടിയേറ്റ അനുഭവമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ഉണ്ടായിരിക്കുന്നത്.
പ്രതിപക്ഷത്തിലെ വിള്ളലുകളും തുറന്നു കാണിക്കുന്നതായിരുന്നു ചെങ്ങന്നൂര്‍ പോരാട്ടം. വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേതൃത്വത്തിന്റെ പിടിപ്പുകേടിനെ വിമര്‍ശിച്ചതും ശ്രദ്ധേയമായിരുന്നു.
ശക്തികേന്ദ്രങ്ങളായ ഓരോ പഞ്ചായത്തും യുഡിഎഫ് എല്‍ഡിഎഫിനു മുന്നില്‍ അടിയറവ് വെച്ചു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആധിപത്യമുറപ്പിച്ചത് യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഏറെ കൗതുകമുണര്‍ത്തുന്നതും കണക്കുകളാണ്.സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ചാണ് എല്ലാകക്ഷികളും തിരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്കിറങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ ഇരുകൂട്ടര്‍ക്കും വിജയവും അനിവാര്യമായിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകളെയും പ്രതീക്ഷകളും കവച്ചു വെച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയത്.
ആദ്യമെണ്ണിയ തപാല്‍ വോട്ടുമുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ എല്‍ഡിഎഫിന് ഒരിടത്തും കാലിടറിയില്ല എന്നതും ചരിത്രമായി. ബിജെപിക്കും ഈ തെരഞ്ഞെടുപ്പ് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചടക്കി. ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം മാണിയുടെ കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കൊതുങ്ങി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തില്‍ 2,353 വോട്ടിന്റെ വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നേടിയത്. രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത് 177 വോട്ടിന്റെ ലീഡാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പഞ്ചായത്തിലും വിജയം ഒപ്പം നിന്നത് സജി ചെറിയാനോടൊപ്പം തന്നെ. പുലിയൂര്‍ പഞ്ചായത്തില്‍ 637 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. എല്‍ഡിഎഫ്- 4266 വോട്ടുകളും യുഡിഎഫ് -3629 വോട്ടുകളും കരസ്ഥമാക്കി.
അതേസമയം, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കേരള രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാകുന്ന കാഴ്ചയും ചെങ്ങന്നൂരിലേതു തന്നെ. പിന്തുണയുടെ കാര്യത്തില്‍ മനസ് തുറക്കാതെ പ്രചാരണം മുറുകിയപ്പോള്‍ മാണി പിന്തുണയുമായി ഓടിപ്പിടഞ്ഞെത്തിയിട്ടും യുഡിഎഫിന് ജയിച്ചു കയറാന്‍ സാധിച്ചില്ല. മാണിയുടെ പിന്തുണ തേടിയത് യുഡിഎഫിന് തിരിച്ചടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായതും മുന്നണിക്കു വലിയ ക്ഷീണമായി.
കഴിഞ്ഞതവണ വിജയിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 14423 കൂടുതല്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിന്നും ഇത്തവണ സിപിഎം നേടിയപ്പോള്‍ 1450 കൂടുതല്‍ വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കൂടുതല്‍ നേടാനായത്. അതേസമയം, വിജയം സുനിശ്ചിതമെന്ന് പറഞ്ഞിരുന്ന ബിജെപിക്ക് മണ്ഡലത്തില്‍ കുറഞ്ഞത് 7412 വോട്ടുകളാണ്. നോട്ടയ്ക്കും പിന്നിലേക്ക് മറഞ്ഞു പോയ ആം ആദ്മിയും ശ്രദ്ധേയ കാഴ്ചയായി. 728 വോട്ടുകള്‍ നേടി നോട്ട അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ആറാം സ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 368 വോട്ടുകള്‍. സ്വതന്ത്രനായി മത്സരിച്ച സ്വാമി സുഖാഷ് സരസ്വതി 800 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി.
2016 തിരഞ്ഞെടുപ്പ് മുന്നണി വോട്ട് വിഹിതം:
എല്‍ഡിഎഫ്- 52880
യുഡിഎഫ്- 44897
ബിജെപി- 42682
2018 തിരഞ്ഞെടുപ്പ് മുന്നണി വോട്ട് വിഹിതം:
എല്‍ഡിഎഫ്- 67303
യുഡിഎഫ്- 46347
ബിജെപി- 35270
തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ഇത്രയും ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്‌എന്‍ഡിപിയുടെയും എന്‍എസ്‌എസിന്റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്കു ലഭിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെടുന്നു.