• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇത് എല്‍ഡിഎഫിന്റെ കുട്ടി; ഞങ്ങളുടെ തലയില്‍ കെട്ടിവെക്കണ്ട; ബ്രൂബറിക്ക് അനുമതി നല്‍കിയത് നായനാര്‍ സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂബറി വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനറുടെയും എക്‌സൈസ് മന്ത്രിയുടെയും വാദം പൊളിയുന്നു. മലബാര്‍ ബ്രൂബറിക്ക് എന്‍ഒസി നല്‍കിയത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തെന്ന് രേഖകള്‍. ഇക്കാര്യത്തില്‍ ആന്റണിയുടെ പേര്‍ വലിച്ചിട്ടതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ കുട്ടിയുടെ പിതൃത്വം ഞങ്ങളുടെ തലയില്‍ കെട്ടിവെക്കണ്ടേ. ഇത് എല്‍ഡിഎഫിന്റെത് തന്നെയാണ്. നായനാരുടെ കാലത്താണ് അനുമതി നല്‍കിയത്. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായ നടരാജനാണ് ഉത്തരവില്‍ ഒപ്പിട്ടതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നായനാരും അച്യുതാനന്ദനും വേണ്ടെന്ന് വെച്ച ബ്രൂബറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് എങ്ങനെയാണെന്ന് മനസിലാകുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനെ പഴിചാരി രക്ഷപ്പെടാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു

ബ്രൂബറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്പരമരഹസ്യമായാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്ക് നല്‍കി ഇതിന് പിന്നില്‍ വലിയ അഴിമതിയാണ്. ഇക്കാര്യം എല്‍ഡിഎഫ് പോലും അറിഞ്ഞില്ല. ഇതിന് പിന്നില്‍ അഴിമതി നടത്തിയതിന്റെ രേഖകള്‍ പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Top