ഹ്യൂസ്റ്റന്‍: നാല് പതിറ്റാണ്ടുകള്‍ക്കധികം അമേരിക്കയില്‍ അധിവസിക്കുന്ന മലയാളത്തിന്റെ പ്രിയ കവി ചെറിയാന്‍. കെ. ചെറിയാന് ഹ്യൂസ്റ്റനിലെ മലയാള ഭാഷാസ്‌നേഹികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സമുചിതമായ സ്വീകരണം നല്‍കി. പ്രിയ പത്‌നി ആനി സഹിതം ഹ്യൂസ്റ്റനിലെത്തിയ വന്ദ്യവയോധികനായ ചെറിയാന് ഊഷ്മള വരവേല്‍പ്പു നല്‍കുവാന്‍ വേദിയൊരുക്കിയത് ഹ്യൂസ്റ്റനിലെ രണ്ടു ഭാഷാസാഹിത്യ സംഘടനകളായ കേരള റൈറ്റേഴ്‌സ് ഫോറവും മലയാളം സൊസൈറ്റി ഓഫ് അമേരിക്കയും സംയുക്തമായാണ്. ജൂലൈ 24-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ ഇന്ത്യന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സ്വീകരണം.
സമ്മേളനത്തില്‍ വെച്ച് കവി ചെറിയാന്‍.കെ. ചെറിയാനെ അദ്ദേഹത്തിന്റെ ഭാഷാസാഹിത്യ സേവനങ്ങളെ മുന്‍നിര്‍ത്തി അനുമോദനവും ആദരസൂചകവുമായി പൊന്നാടയും അണിയിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി അഡ്വക്കേറ്റ് മാത്യു വൈരമണ്ണിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് കവിയെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. ഡള്ളാസില്‍ നിന്നെത്തിയ സാഹിത്യ സല്ലാപം പരിപാടിയുടെ കണ്‍വീനര്‍ ജയിന്‍ മുണ്‍ടക്കല്‍ കവി ചെറിയാന്‍. കെ. ചെറിയാനുമായുള്ള തന്റെ അടുപ്പവും അനുഭവവും വ്യക്തമാക്കി സംസാരിച്ചു.
ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി എന്നിവര്‍ കവി ചെറിയാന്റെ സാഹിത്യ കൃതികളെ ആധാരമാക്കി പ്രസംഗിച്ചു. അദ്ദേഹത്തിന്റെ മികച്ച കൃതികളായ പവിഴപുറ്റ്, കുശനും, ലവനും, കുചേലനും, ഐരാവതം, ഭ്രാന്തനും ഭസ്മാസുരനും, പാലാഴി മഥനം, പള്ളിമുറ്റത്ത്, മുടിയനായ പുത്രന്‍, ലക്ഷ്മണനും ഊര്‍മ്മിളയും ജീവിതമെന്നാല്‍ ബോറ്, കണ്ണാടി ജനല്‍, പാര്‍ത്ഥസാരഥി, ജാലകക്കിളി തുടങ്ങിയ കൃതികളെ അവലോകനം ചെയ്ത് സംസാരിച്ചു. 2007ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം അനേകം ബഹുമതികളും സമ്മാനങ്ങളും ഈ സാഹിത്യകാരന്‍ നേടിയിട്ടുണ്ട്.
കവി ചെറിയാന്‍. കെ. ചെറിയാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആദ്യകാല ഭാഷാ സാഹിത്യ അനുഭവങ്ങളെ വിവരിച്ചു. ദല്‍ഹിയിലെ സാഹിതി സംഘത്തിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിലെ മികച്ച ഒട്ടേറെ സാഹിത്യ പ്രതിഭകള്‍ അക്കാലത്ത് സാഹിതിസംഘത്തിലെ നിത്യ സന്ദര്‍ശകരും അവതാരകരും നിരൂപകരുമായിരുന്നു. ദല്‍ഹിയിലെ സാഹിത്യ സദസ്സില്‍ തന്നെ ഇകഴ്ത്താനും പുച്ഛിക്കാനും കൂവി ഇരുത്താനും തെയ്യാറായി വന്ന ഒരുപറ്റം പ്രസിദ്ധരായ എഴുത്തുകാര്‍ തന്റെ കവിതയുടെ ആലാപനത്തിനും അവതരണത്തിനും ശേഷം സ്തബ്ദരാകുകയും തന്നെ നിശിതമായി വിമര്‍ശിക്കുന്നതിനു പകരം തന്നെ അനുമോദനങ്ങളാലും ആശംസകളാലും പൊതിയുകയാണുണ്ടായതെന്ന് അദ്ദേഹം പറയുമ്പോള്‍ സദസ്യര്‍ കയ്യടിച്ചു.
അമേരിക്കയിലെത്തിയ ശേഷം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദി തുടങ്ങിയ സാഹിത്യ സമ്മേളന അനുഭവങ്ങളെ പറ്റിയും ഹ്രസ്വമായി പരാമര്‍ശങ്ങള്‍ നടത്തി. കവിയോട് സാഹിത്യസംബന്ധമായ വിഷയങ്ങളെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കാനും സദസ്സ്യര്‍ മറന്നില്ല. ചോദ്യങ്ങള്‍ക്ക് സമുചിതമായ ഉത്തരവും അതുപോലെ സ്വീകരണം നല്‍കിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നന്ദി രേഖപ്പെടുത്തി കൊണ്ടുമാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നായകരും പ്രവര്‍ത്തകരുമായ കെന്‍ മാത്യു, കെ.പി. ജോര്‍ജ്, ജോസഫ് പൊന്നോലി, തോമസ് തയ്യില്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ഫാദര്‍ എ.വി. തോമസ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ് മണ്ണിക്കരോട്ട്, മോട്ടി മാത്യു, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, പൊന്നു പിള്ള, ഡോക്ടര്‍ മാത്യു വൈരമണ്‍, മറിയാമ്മ തോമസ്, ഡോക്ടര്‍ നജീബ് കുഴിയില്‍, കുര്യന്‍ മ്യാലില്‍, എസ്.കെ. ചെറിയാന്‍, പി. ഡാനിയേല്‍, ആനി ചെറിയാന്‍, ജോര്‍ജ് വൈരമണ്‍, ഷാജി ജോര്‍ജ്, നെവിന്‍ മാത്യു, തോമസ് മാത്യു, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ സദസ്സിനു സ്വയം പരിചയപ്പെടുത്തുകയും പ്രിയ കവിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഈശൊ ജേക്കബ് നന്ദിപ്രസംഗം നടത്തി.