ചേര്‍ത്തല > ഉത്തരക്കടലാസ് യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കാന്‍ കോളേജ് അധികൃതര്‍ അനാസ്ഥ കാണിച്ചത് മൂലം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ തോറ്റതായി പരാതി. ചേര്‍ത്തല എന്‍എസ്‌എസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കോളേജ് അധികൃതരുടെ അനാസ്ഥ കാരണം ഒരു വര്‍ഷം നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
ഇപ്പോഴത്തെ അവസാന വര്‍ഷ ബിഎസ്‌സി ബോട്ടണി വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കാതെ ഇപ്പോഴും കോളേജില്‍ സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഈ വിദ്യാര്‍ഥിളെല്ലാം തോറ്റിരുന്നു. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിന് യൂണിവേഴ്‌സിറ്റിയെ സമീപിച്ചപ്പോഴാണ് ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് എത്തിച്ചിട്ടില്ലെന്ന വിവരം ലഭിച്ചത്.
സംഭവത്തില്‍ എസ്‌എഫ്‌ഐ ചേര്‍ത്തല ഏരിയാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതീവ ഗുരുതരമായ കുറ്റം ചെയ്യുകയും ഇത് മറച്ചുവക്കാന്‍ അതിലും കുറ്റകരമായ വഴികള്‍ തേടുകയുമാണ് പ്രിന്‍സിപ്പാള്‍ ഡോ. പി ജയശ്രീ ചെയ്യുന്നതെന്ന് എസ്‌എഫ്‌ഐ പ്രസ്‌താവനയില്‍ ആരോപിച്ചു. എന്തുകൊണ്ട് യൂണിവേഴ്‌സിറ്റിക്ക് ഉത്തരക്കടലാസുകള്‍ അയച്ചില്ലെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രിന്‍സിപ്പാളിനാകുന്നില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കുമെന്നറിഞ്ഞപ്പോള്‍ അവരെ 'ഭാവി തകര്‍ത്തുകളയുമെന്ന്' ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങുകയാണ് പ്രിന്‍സിപ്പാള്‍ ചെയ്‌തത്. ഈ പ്രിന്‍സിപ്പാളിന്റെ കീഴില്‍ വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമല്ല.- എസ്‌എഫ്‌ഐ പ്രസ്‌താവനയില്‍ പറഞ്ഞു.
ചേര്‍ത്തല എന്‍എസ്‌എസ് കോളേജില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നത് ഇതാദ്യമായല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കോളേജ് അധികൃതര്‍ രജിസ്‌ട്രേഷന്‍ നടപടികളില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഒടുവില്‍ കോളേജ് അധികൃതര്‍ വരുത്തിയ വീഴ്‌ചക്ക് യൂണിവേഴ്‌സിറ്റി ചുമത്തിയ പിഴ വിദ്യാര്‍ഥികള്‍ അടച്ചശേഷം മാത്രമാണ് പരീക്ഷയെഴുതാന്‍ കഴിഞ്ഞത്.