മുംബൈ: ഹോളിവുഡില്‍നിന്ന് ആരംഭിച്ച മീടു കാന്പയിന് ഇന്ത്യയിലും സജീവമാകുന്നു. എഴുത്തുകാരന് ചേതന്‍ ഭഗത്താണ് ഇത്തരത്തില്‍ കുരുക്കില്പ്പെട്ടിരുക്കുന്ന പ്രമുഖരുടെ പട്ടികയിലെ അവസാനക്കാരന്‍. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതന്‍ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും യുവതി ട്വിറ്ററില്‍ പങ്കുവച്ചു.
ചേതന്‍ ഭഗത് തന്നോടു പ്രണയാഭ്യര്‍ഥന നടത്തുന്നതിന്റെയും അതിന് യുവതി നല്കിയ മറുപടിയുമാണ് സ്ക്രീന്‍ ഷോട്ടിലുള്ളത്. പ്രണയാഭ്യര്‍ഥന നടത്തിയ എഴുത്തുകാരനോട് താങ്കള്‍ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും യുവതി ഓര്മിപ്പിക്കുന്നുണ്ടെങ്കിലും പിന്മാറാന് ചേതന്‍ ഒരുക്കമല്ല. വിവാഹിതനാണെങ്കിലും ഏറെക്കാലത്തിനുശേഷമാണ് ഒരു സ്ത്രീ തന്നെ ആകര്‍ഷിക്കുന്നതെന്ന് ചേതന്‍ വാട്സ്ആപ്പ് ചാറ്റില്‍ പറയുന്നു.
പ്രണയാഭ്യര്‍ഥനയുടെ ഈ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെ കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷയുമായി ചേതന്‍ രംഗത്തെത്തി. സ്ക്രീന്‍ഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോള്‍ സംഭവിച്ചതാണെന്നും ചേതന്‍ പറഞ്ഞു. തന്റെ ഭാര്യയോട് ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ബോളിവുഡ് നടന് നാന പടേക്കര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തി നടി തനുശ്രീ ദത്തയാണ് ആദ്യം ഞെട്ടിച്ചത്. പിന്നാലെ സംവിധായകന് വികാസ് ബാലിനെതിരേ നടി കങ്കണ റണൗത്തും ആരോപണം ഉന്നയിച്ചു. എഐബി സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ഉത്സവ് ചക്രബര്ത്തിക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എഐബി ഉത്സവുമായുള്ള കരാര്‍ റദ്ദാക്കി.