ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ചിദംബരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ സുരക്ഷ ആവശ്യപ്പെട്ട് പി.ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചു.
തിഹാര്‍ ജയിലിലാണ് ചിദംബരത്തെ താമസിപ്പിക്കുക. മരുന്നുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി. സിബിഐ കസ്റ്റ!ഡി അവസാനിച്ചതിനെ തുടര്‍ന്നു ചിദംബരത്തെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കി. ജയില്‍ അധികൃതര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മതിയായ സുരക്ഷയോടെ പ്രത്യേക സെല്‍ അനുവദിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിന് കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകര്‍ കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ മറുപടിയാവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചു. കീഴടങ്ങല്‍ അപേക്ഷയില്‍ 12ന് വാദം കേള്‍ക്കും.