• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മന്ത്രിമാരുടെ വിദേശപര്യടനം: ദുരിതാശ്വാസ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് എം.എം ഹസ്സന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശ പര്യടനത്തിന് പോകുന്നതോടെ സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍. ചികിത്സാര്‍ഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്.

കേരളം പ്രളയക്കെടുതിയില്‍ നിന്ന് പിച്ചവെച്ച് തുടങ്ങുന്നതേയുള്ളൂ. ആയിരങ്ങള്‍ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ട ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് വിദേശത്തേക്ക് പോകുന്നത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാരുടെ വിദേശയാത്ര മാറ്റിവെക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

കേരളത്തിന് പുറത്തും വിദേശത്തുമുള്ള മലയാളികള്‍ അകമഴിഞ്ഞ സഹായിച്ച പണം വന്‍തോതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തിക്കഴിഞ്ഞു. ഇതെല്ലാം ഓണ്‍ലൈനില്‍ ചെയ്ത കാര്യങ്ങളാണ്. തുടര്‍ന്നും ഈ രീതിയില്‍ വിഭവസമാഹരണം നടത്താനാവുമെന്നും ഹസ്സന്‍ പറഞ്ഞു.

Top