• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന സ്വര്‍ണ്ണം വെള്ളി ഖനനം നടത്തുന്നു ; ദോക്‌ളയില്‍ അവസാനിച്ച ഇന്ത്യാ ചൈനാ ബന്ധം വീണ്ടും വഷളാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തോടെ താല്‍ക്കാലികമായി ലഘൂകരിക്കപ്പെട്ട ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രതിസന്ധി വീണ്ടും ശക്തമാകുന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍ ശേഖരമുണ്ടെന്ന് വ്യക്തമാക്കി അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായ ലുന്‍സേയില്‍ ഖനനം നടത്താനുള്ള ചൈനീസ് നീക്കമാണ് വീണ്ടും പ്രശ്‌നമാകുന്നത്. ഇന്ത്യാ ചൈനാ ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്‌ലയില്‍ സൈനീകതാവളം നിര്‍മ്മിക്കാനൊരുങ്ങിയ ചൈനയെ ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്ന് ഉയര്‍ന്ന സമ്മര്‍ദ്ദം രണ്ടു മാസമായി അയഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിഷയം.

അരുണാചല്‍ അതിര്‍ത്തിയില്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ ഇവിടെ കണ്ടെത്തിയതായി ഞായറാഴ്ച ഹോങ്കോംഗ് ദിനപ്പത്രമായ സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചൈന ഈ നീക്കത്തിലൂടെ അരുണാചല്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന നീക്കമായിട്ടാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മേഖലയിലെ പ്രകൃതി വിഭവങ്ങളില്‍ അവകാശാവവാദം ഉന്നയിച്ച്‌ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ശ്രമമെന്നും പറയുന്നുണ്ട്.

ദോക്‌ളാ വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനിന്ന സംഘര്‍ഷത്തിന് അയവ് വരുത്തുക ലക്ഷ്യമിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് സീ ജിംഗ്പിംഗും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതിനെ തുടര്‍ന്ന് 73 ദിവസമായി ഇവിടെ പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിരിക്കുകയാണ്. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടു പിന്നാലെ തന്നെ ഒരു മാസമായി പ്രദേശിക ഉദ്യോഗസ്ഥര്‍, ജീയോളജിസ്റ്റുകള്‍, നയ വിദഗ്ദ്ധര്‍ എന്നിവര്‍ ഇവിടെ ഖനനം ലക്ഷ്യമാക്കി ഇവിടെ തമ്ബടിച്ചിട്ടുണ്ട്. ദോക്ലാം വിഷയം തുടങ്ങി രണ്ടു മാസം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ലുന്‍സേ വാര്‍ത്തകളിലുണ്ട്.

ബീജിംഗ് തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന ചൈന ഇവിടെ നടത്തുന്ന ശ്രമങ്ങള്‍ ലുന്‍സേയില്‍ നിന്നുള്ള ഒരു ആട്ടിടയ കുടുംബത്തെ ഉദ്ധരിച്ചാണ് ആദ്യം വാര്‍ത്ത പുറത്തു വന്നത്. ചൈനയിലെ ഏറ്റവും ചെറിയ പട്ടണം എന്ന വിശേഷമുള്ള അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നു കിടക്കുന്ന യുമായ് യില്‍ നിന്നും വന്നതായിരുന്നു ഈ കുടുംബം. ചൈനയ്ക്ക് നല്‍കിയ സംഭാവനയ്ക്കും കാട്ടുന്ന വിശ്വസ്തതയ്ക്കും പിതാവും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് സീ നന്ദി പറയുകയും ലുന്‍സേയിലെ ജനങ്ങളോട് ദേശീയ താല്‍പ്പര്യാര്‍ത്ഥം വികസിതമാക്കുന്നതിന് അനുവദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം ലോകത്തെ ഏറ്റവും ഉയരം കൂടി പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ ഖനന ജോലികള്‍ ആയിരം വര്‍ഷമായി നടന്നു വരികയാണെന്നാണ് പത്രം പറയുന്നത്. എന്നാല്‍ ഉള്‍നാടന്‍ ഭൂപ്രദേശം, കാലാവസ്ഥാ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ ഇവിടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ വികസിപ്പിക്കുന്നതിനായി വന്‍ നിക്ഷേപമാണ് ചൈനീസ് സര്‍ക്കാര്‍ ഇവിടെ നടത്തിയിരിക്കുന്നത്.

Top