സൈനികവിന്യാസം വര്‍ധിപ്പിക്കുന്നതിന് ചൈന തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നതായി യുഎസ് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സൈനികശേഷി വര്‍ധിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ വിശാലമായ അടിസ്ഥാന സൗകര്യ വികസനമാണ് ചൈന ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജീബൂട്ടിയിലാണ് ചൈനയ്‌ക്ക് സൈനികത്താവളം ഉള്ളത്.
മ്യാന്‍മര്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, യുഎഇ, കെനിയ, സീഷെല്‍സ്, ടാന്‍സാനിയ, അംഗോള, തജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചൈന സൈനികത്താവളങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
പൈപ്പ്‌ലൈന്‍, തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ ചൈന നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി, വിഭവ കൈമാറ്റത്തിന് മലാക്ക കടലിടുക്ക് പോലെ തന്ത്രപരമായ ചോക്‌പോയിന്റുകളിളെ ആശ്രയിക്കുന്നതു കുറയ്‌ക്കാന്‍ ചൈനയെ സഹായിക്കും. നമീബിയ, പാക്കിസ്ഥാന്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ ട്രാക്കിങ്, ടെലിമെട്രി, കമാന്‍ഡ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും ചൈന ഒരുങ്ങുകയാണെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.