ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഹോങ്കോംഗ്, മക്കാവു എന്നിവയെ ചൈനയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് 55 കിലോമീറ്ററാണ് നീളം. ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്.
അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് വിസ്മയകരമായ പാലം നിര്‍മാണം പൂര്‍ത്തിയായതെന്ന് ഇതിന്റെ ചുമതലയുള്ള ഗാവോ സിംഗ്‌ളിന്‍ പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച പാലം ഉരുക്കിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പാലത്തിനുപയോഗിച്ച ഉരുക്ക് കൊണ്ട് പാരിസിലെ ഈഫല്‍ ടവറിന് സമാനമായ 60 ഗോപുരങ്ങള്‍ നിര്‍മിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഏഴു വര്‍ഷമെടുത്താണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചൈനയില്‍ നിന്ന് മക്കാവു, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള ദൂരം പകുതിയായി കുറയ്ക്കാന്‍ ഈ ആഢംബര പാലത്തിലൂടെ സാധിക്കും. ഒരു മണിക്കൂര്‍ നേരെ മതി ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍. 10 മിനുട്ട് ഇടവിട്ടുള്ള ബസ് സര്‍വീസ് ഉള്‍പ്പെടെ ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിലെ അദ്ഭുതം കാണാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ ചൈനയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍.
വികസന കാര്യത്തില്‍ രാജ്യം കൈവരിച്ചിരിക്കുന്ന കുതിച്ചുചാട്ടത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണര്‍ സോംഗ് റൗന്‍ അഭിപ്രായപ്പെട്ടുമുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് ഒരു രാജ്യം രണ്ട് ഭരണസമ്ബ്രദായം എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ 1997ലാണ് ചൈനയിലേക്ക് തിരിച്ചെത്തിയത്. ഇരു മേഖലകളുമായി നല്ല ബന്ധത്തിന് വഴിവയ്ക്കുമെന്നും ഹോങ്കോംഗിന്റെ പുരോഗതിയില്‍ പാലം വലിയ മുതല്‍ക്കൂട്ടാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ സ്വന്തമായ നിയമ വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഹോങ്കോംഗിനു മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ് പാലം നിര്‍മാണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. അതേസമയം പാലം നിര്‍മാണം ധൂര്‍ത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മികച്ച ഉദാഹരണമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.