ചിനൂക് ഹെലികോപ്‌റ്ററുകള്‍ ഇനി വ്യോമസേനയുടെ ഭാഗം. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്‌റ്ററുകളാണ് വ്യോമസേനയുടെ ഭാഗമായത്.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്‌റ്റ് ഹെലികോപ്‌റ്ററുകളിലൊന്നാണ് ചിനൂക്. 1962ലാണ് ഹെലികോപ്‌റ്റര്‍ ആദ്യ പറക്കല്‍ നടത്തിയത്.
പകല്‍ സമയത്തു മാത്രമല്ല രാത്രിയും ചിനൂക് ഹെലികോപ്‌റ്ററിനെ ഉപയോഗപ്പെടുത്താനാകുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു. റഫാല്‍ യുദ്ധവിമാനങ്ങള്‍ സൈന്യത്തില്‍ സ്വാധീനം ചെലുത്തുന്നതുപോലെയായിരിക്കും ചിനൂക്കിന്റെയും പ്രവര്‍ത്തനം. രാജ്യം നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എത്തിച്ചേരാന്‍ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലേക്കു സാമഗ്രികള്‍ എത്തിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ചിനൂക് രാഷ്ട്രത്തിനു മുതല്‍കൂട്ടാണ്. അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളില്‍ യുഎസ് സേന ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധനോവ പറഞ്ഞു.
15 ഹെലികോപ്‌റ്ററുകള്‍ക്കുവേണ്ടി 1.5 ബില്യന്‍ ഡോളറാണ് ഇന്ത്യ മുടക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാന്‍ ചിനൂക്കിനു സാധിക്കും. ചിനൂക് ഹെലികോപ്‌റ്ററുകള്‍ പറത്തുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ വ്യോമസേന പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. നാല് പൈലറ്റുമാരെയും നാല് എന്‍ജിനീയര്‍മാരെയുമാണ് ഇന്ത്യ ഇതിനായി യുഎസിലേക്ക് അയച്ചത്.