• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പള്ളിത്തര്‍ക്കങ്ങള്‍ക്ക്‌ കാരണം ആസ്‌തികള്‍, സര്‍ക്കാര്‍ ഇത്‌ ഏറ്റെടുത്താല്‍ പ്രശ്‌നം തീരും: ഹൈക്കോടതി

സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ ആസ്‌തികളാണെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ്‌ തര്‍ക്കത്തിന്‌ ആധാരമെന്നും സ്വത്തുക്കളുടെ കണക്കെടുത്ത്‌ സര്‍ക്കാരിലേക്ക്‌ വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വേണ്ടിവന്നാല്‍ എല്ലാകേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ്‌ നല്‍കി.

പാലക്കാട്‌ ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ്‌ പരിഗണനയ്‌ക്ക്‌ വന്നപ്പോഴാണ്‌ ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്‌. ജസ്റ്റിസ്‌ പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ്‌ ഹര്‍ജിയെത്തിയത്‌. പള്ളിത്തര്‍ക്കങ്ങള്‍ക്ക്‌ ആസ്‌തികളാണ്‌ കാരണമെന്നും കോടതി പറഞ്ഞു.

പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്‌തിയുമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. ചീഫ്‌ സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയമിച്ച്‌ റിസീവറെ നിയോഗിച്ച്‌ ആസ്‌തിവകകള്‍ സര്‍ക്കാരിലേക്ക്‌ മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ പള്ളികളും സ്‌മാരകങ്ങളായി മാറ്റണം. ഇത്‌ പള്ളികളിലെ പ്രാര്‍ഥനയേയോ വിശ്വാസത്തേയൊ ബാധിക്കില്ല. തര്‍ക്കങ്ങള്‍ക്ക്‌ പള്ളികളിലെ പ്രാര്‍ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

Top