• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊച്ചി വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്‌കാരം

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ' ചാമ്ബ്യന്‍ ഓഫ് എര്‍ത്തിന് ' കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (സിയാല്‍) തിരഞ്ഞെടുത്തു. സമ്ബൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിനാണ് ഈ വിശിഷ്ട ബഹുമതിയ്ക്ക് അര്‍ഹമായത്. സെപ്തംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം സിയാല്‍ ഏറ്റുവാങ്ങും.

പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള ചാമ്ബ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാരം 2005മുതലാണ് ഐക്യരാഷ്ട്ര സഭ നല്‍കിത്തുടങ്ങിയത്.സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച്‌ മനസിലാക്കാന്‍ യു.എന്‍.ആഗോള പരിസ്ഥിതി മേധാവിയും യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എന്‍.സംഘം ഇക്കഴിഞ്ഞ മേയില്‍ കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. 

ലോകത്തിലെ ആദ്യത്തെ സമ്ബൂര്‍ണ സൗരോര്‍ജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നല്‍കുമെന്ന് സന്ദര്‍ശന വേളയില്‍ എറിക് സ്ലോഹെം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സിയാലിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി യു.എന്‍.പരിസ്ഥിതി മേധാവി അന്ന് ചര്‍ച്ച നടത്തിയിരുന്നു.

Top