• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എത്ര കള്ളപ്പണം തിരികെ കിട്ടി ? പ്രധാനമന്ത്രിയോട് വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്രവിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം തിരികെ കൊണ്ടുവരാനെടുത്ത നടപടികളും വ്യക്തമാക്കണം. അതുപോലെ 2014 -17 കാലയളവില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ലഭിച്ച അഴിമതി പരാതികളും വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ രാധാകൃഷ്ണ മാതുര്‍ ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് തിരിച്ചെത്തിച്ച കള്ളപ്പണം എത്ര, അതില്‍ ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിച്ചു എന്നീ വിവരങ്ങളും നല്‍കാനാവശ്യപ്പെട്ടിട്ടുണ്ട്.

ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജീവ് ചതുര്‍വേദി നല്‍കിയ വിവരാവകാശ അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണ വിവരം തേടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
കള്ളപ്പണ വിവരം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഇത് വിവരാവകാശ കമ്മിഷന്‍ തള്ളി. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങിയ പദ്ധതികളുടെ വിവരങ്ങളും ചതുര്‍വേദി തേടിയിട്ടുണ്ട്.

വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും അത് എല്ലാ പൗരന്മാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി വാഗ്ദാനം നല്‍കിയിരുന്നു.

Top