സിനിബോട്ട് ക്യാമറയെക്കുറിച്ച് മലയാള സിനിമാ പ്രേമികള്‍ അധികമൊന്നും കേട്ടിരിക്കാന്‍ വഴിയില്ല. പേരു സൂചിപ്പിക്കുന്നതു പൊലെത്തന്നെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ക്യാമറ സംവിധാനമാണ് സിനിബോട്ട്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകളുള്ള ക്യാമറ സംവിധാനമാണിത്.
ഹോളിവുഡ് സിനിമകളില്‍ ഏറെ നാളുകളായി ഈ ക്യാമറയുടെ സഹായമുപയോഗിച്ചുവരികയാണ്. സ്ലോ മോഷന്‍ ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ സിനിബോട്ടിനെക്കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഓരോ ഷോട്ടും വളരെ മിഴിവോടെയും കൃത്യതയോടെയും പകര്‍ത്താനുള്ള കഴിവ് സിനിബോട്ടുകള്‍ക്കുണ്ട്.
ഡിജിറ്റല്‍ ഡ്രോയിംഗ് അനുസരിച്ച് ട്രാക്കിലൂടെ സഞ്ചരിച്ച് സിനിബോട്ട് ഷോട്ടുകള്‍ ചിത്രീകരിക്കും. ഒരുതവണ പോലും ഫോക്കസ് നഷ്ടപ്പെടില്ലെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ഹോളിവുഡില്‍ സിനിബോട്ടുകള്‍ക്ക് പ്രചാരമേറിയതും.
ഹോളിവുഡിലെ നിരവധി ആക്ഷന്‍ ചിത്രങ്ങളും ഹൊറര്‍ ചിത്രങ്ങളും അതിന്റെ പൂര്‍ണതയിലെത്തിയത് സിനിബോട്ടുകളുടെ സഹായത്താലാണെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. റോബട്ടിക് ക്യാമറ ഉപയോഗിച്ചുള്ള ഇത്തരം ചിത്രങ്ങളുടെ ട്രയിലര്‍ പോലും ഏവരെയും അതിശയിപ്പിക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്ന ചിത്രം അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുണ്ടായിരുന്നു. ഇത് ഏവരും ചര്‍ച്ചചെയ്‌തതുമാണ്. ഫഹദ് ഫാസിലിന് പുത്തന്‍ ഗെറ്റപ്പ് നല്‍കിയ ചിത്രം സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇതിലും ഗംഭീരമാകും സിനിബോട്ട് ഉപയോഗിച്ച് ചിത്രീകരിക്കാന്‍ പോകുന്ന പുതിയ ചിത്രം. 'ട്രാന്‍സ്' എന്നാണ് ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെ പേര്. ആറു വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിലാണ് സിനിബോട്ട് ഉപയോഗിച്ചുള്ള ചിത്രീകരണം മലയാളത്തില്‍ ആദ്യമായി നടക്കുക