ന്യുഡല്‍ഹി: സുപ്രീം കോടതിയുമായി ബന്ധപ്പെട്ടുയരുന്ന വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച നിര്‍ണായക കൊളീജിയം ചേരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് കൊളീജിയം വിളിച്ചിരിക്കുന്നത്. യോഗത്തിന് പ്രത്യേക അജണ്ടയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമനം സംബന്ധിച്ച വിവാദമായിരിക്കാം പ്രധാന വിഷയമെന്ന് സൂചനയുണ്ട്. ജസ്റ്റീസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ തിരിച്ചയച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ ശിപാര്‍ശ വീണ്ടും കേന്ദ്രത്തിനയച്ചേക്കുമെന്നാണ് സൂചന.
കൊളീജിയം ബുധനാഴ്ച ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബുദ്ധപൗര്‍ണമി അവധിക്കു ശേഷം ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ഇനി ചേരുക. ചീഫ് ജസ്റ്റീസ് അടക്കം അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തില്‍ ഉള്ളത്. കൊളീജിയം ശിപാര്‍ശ തിരിച്ചയച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയേയും സ്വാതന്ത്ര്യത്തേയും ചോദ്യം ചെയ്യുന്നതാണെന്നും ഇത് തിരുത്തണമെന്ന നിലപാടാണ് ഒട്ടുമിട്ട ജഡ്ജിമാരും ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കൊളീജിയം ചേരുന്നത്.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനേയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ടായിരുന്നു കൊളീജിയം ശിപാര്‍ശ നല്‍കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിയ കേന്ദ്രം ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കിയതില്‍ ജസ്റ്റീസ് ജോസഫിനോട് കേന്ദ്രം വൈരാഗ്യം തീര്‍ക്കുകയാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.