പി പി ചെറിയാന്‍
കോവിഡ് 19 സമ്മാനിച്ചിരിക്കുന്ന അസാധാരണ സന്ദര്‍ഭത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ എങ്ങനെ അതിജീവിക്കുവാന്‍ കഴിയുമെന്നും സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ഹൃദയ സാമീപ്യം എങ്ങനെ കാത്തു സൂക്ഷിക്കുവാന്‍ കഴിയുമെന്നും നല്ല മനസ്സുള്ള കുറേ ആളുകള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ടെന്നു മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ.
ഒരു മാസം മുന്‍പ് പ്രത്യാശ ഇന്ത്യ എന്ന പേരില്‍ ആരംഭിച്ച പദ്ധതി മാനസിക സംഘര്‍ഷം അനുഭവിക്കുന്ന നൂറു കണക്കിനാളുകള്‍ക്ക് സഹായകരമായതിനെ തുടര്‍ന്ന്, അമേരിക്കയിലും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. യുഎസ്‌എ പ്രത്യാശയുടെ ഉദ്‌ഘാടനം മേയ് 25 ഞായറാഴ്‌ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ.
നാം ഇന്ന് അഭിമുഖീകരിക്കുന്നത്, വലിയ ഭാരമാണ്, അസാധ്യമാണെന്നൊക്കെ കരുതിയിരിക്കുന്നതിനേക്കാള്‍, ആത്മ വിശ്വാസത്തോടെ ദൈവാഭിമുഖ്യത്തില്‍ ഉറച്ചു നിന്നുകൊണ്ടു നന്മ ചെയ്യുന്നതിന് നമ്മുക്ക് സാധിക്കുമെന്നുള്ള തെളിവാണ് പ്രത്യാശ എന്ന പദ്ധതിയുടെ ആഗോളതലത്തിലേക്കുള്ള വളര്‍ച്ചയെന്നും ബാവ ചൂണ്ടിക്കാട്ടി.