തിരുവനന്തപുരം: ബിജെപിയും ആര്‍എസ്‌എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അയ്യപ്പഭക്തര്‍ക്കു ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വീണ്ടും സമവായത്തിന് ഒരുങ്ങുന്നു. തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും രണ്ടാമതും ചര്‍ച്ചയ്ക്കു വിളിക്കാന്‍ തീരുമാനിച്ചു. നാളെ ചേരുന്ന ബോര്‍ഡ് യോഗത്തിനു ശേഷം തന്ത്രിയുടെയും രാജകുടുംബത്തിന്റെയും സമയം നോക്കിയാകും ചര്‍ച്ചയ്ക്കു വിളിക്കുക. റിവ്യൂ ഹര്‍ജിക്ക് പോകേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഹര്‍ജിക്കാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം മുതലെടുത്ത് വര്‍ഗ്ഗീയ കലാപത്തിനു ശ്രമിക്കുകയാണ്. മണ്ഡലകാലമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.
അതിനു മുമ്ബ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനിടെ ശബരിമലയെ അയോധ്യ മോഡല്‍ സമരമാക്കി മാറ്റാനാണ് ബിജെപി ശ്രമം. സുപ്രീംകോടതി വിധി വരുന്നതിനു മുമ്ബുവരെ ബിജെപിയും ആര്‍എസ്‌എസും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ വിധി വന്ന ശേഷമാണ് നിലപാട് മാറ്റിയത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവരെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ വാദിച്ചതും അവരായിരുന്നു.
സുപ്രീംകോടതി സ്ത്രീകള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ ബി ജെ പി സ്ത്രീകളെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ മാത്രം അവര്‍ ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ഇതു മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമവായത്തിനു വഴിയൊരുക്കുന്നത്. ദേശീയ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ സമരാനുകൂലികള്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. അതോടെ വിദേശ ചാനലുകള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ഹിന്ദുക്കളെ അണിനിരത്തിയാണ് സമരമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ എസ്‌എന്‍ഡിപി, കെപിഎംഎസ്, വിഎസ്ഡിപി പോലുള്ള സാമുദായിക സംഘടനകളെ ഒരുമിച്ചു നിര്‍ത്താന്‍ ബിജെപിക്കു സാധിച്ചിട്ടില്ല.
ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും സമരം അക്രമാസക്തമായ സന്ദര്‍ഭങ്ങളില്‍ സംയമനം പാലിക്കുന്ന കാഴ്ചയാണ് നിലയ്ക്കലില്‍ കണ്ടത്. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇതുവരെ ഒരു നടപടികളും സ്വീകരിക്കാനായിട്ടില്ല. സ്ത്രീകള്‍ക്ക് വേണ്ട ശൗചാലയം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അവിടെ ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതിനൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കാത്ത അവസ്ഥയാണ്. ഈമാസം 22ന് സുപ്രീംകോടതി ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുകയാണ്.
അന്ന് സംസ്ഥാനം എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് ചോദിച്ചാല്‍ ബിജെപി ഉള്‍പ്പെടെയുള്ളവര്‍ അതിന് അനുവദിക്കുന്നില്ലെന്നാകും കോടതിയെ അറിയിക്കുക. ഇന്നലെ നിലയ്ക്കലില്‍ സ്ത്രീകളെ തടഞ്ഞതുള്‍പ്പെടെയുള്ള സമരമുറകള്‍ പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. ഇത് കോടതിക്കു കൈമാറാനാണ് സര്‍ക്കാരിന്റെ നീക്കം. സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ അതിന് അനുവദിക്കാതെ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും കോടതിയെ അറിയിക്കും.
സമരത്തിന്റെ പേരില്‍ ചില സംഘടനകള്‍ പൊട്ടിമുളച്ചിട്ടുണ്ട്. ഇത് ആര്‍എസ്‌എസ് പോലുള്ളവരുടെ പിന്തുണയോടെയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹിന്ദുക്കളുടെ പേരുപറഞ്ഞ് കേരളത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അവര്‍ നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതുവരെ ഈ സമരകം നീട്ടിക്കൊണ്ടു പോവുക എന്നതാണ് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം. ഹിന്ദുത്വ പ്രണനമാണ് അവര്‍ മുന്നില്‍ കാണുന്നത്. ഇതനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ഇപ്പോള്‍ നിലയ്ക്കല്‍ പോലും സ്ത്രീകള്‍ക്ക് പോകാനാകാത്ത അവസ്ഥയാണ്. അവരെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയാണ് സമരാനുകൂലികള്‍. പ്രദേശവാസികള്‍ക്ക് പോലും പുറത്തിറങ്ങാനാകുന്നില്ലെന്ന പരാതിയുമുണ്ട്. ശബരിമലയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചാണ് ചടങ്ങുകള്‍ നടത്താറുള്ളത്. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് വകുപ്പു മേധാവിമാരുടെ യോഗം സന്നിധാനത്ത് ചേരാറുണ്ട്. ഏതെങ്കിലും വകുപ്പിന്റെ തലപ്പത്ത് ഒരു വനിതയാണുള്ളതെങ്കില്‍ അവര്‍ക്ക് അവിടെ എത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.