സെനഗലിനെ പരാജയപ്പെടുത്തി കൊളംബിയയും പോളണ്ടിനോടു തോറ്റ ജപ്പാനും ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. പോളണ്ടും കൊളംബിയയും എതിരില്ലാത്ത ഓരോ ഗോളുകള്‍ക്കാണ് ജയിച്ചത്.
ആറുപോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാന്പ്യന്മാരായപ്പോള്, നാലു പോയിന്റുള്ള സെനഗലിനെ പിന്തള്ളി അത്രയുംതന്നെ പോയിന്റുള്ള ജപ്പാന് അവസാന പതിനാറിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.
ഫെയര്പ്ലേയിലെ മികവാണ് ജപ്പാനെ തുണച്ചത്. ടൂര്‍ണമെന്റില്‍ ജപ്പാന് ടീമിനേക്കാള്‍ കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ നേടിയത് സെനഗലിനു തിരിച്ചടിയായി. ഇതോടെ ഒരേ പോയിന്റ് ലഭിച്ചിട്ടും സെനഗല്‍ പിന്തള്ളപ്പെടുകയായിരുന്നു. സെനഗലും പുറത്തായതോടെ ലോകകപ്പിലെ ആഫ്രിക്കന്‍ പ്രതിനിധികളെല്ലാം ടൂര്‍ണമെന്റില്‍നിന്നു മടങ്ങി.
കൊളംബിയയ്ക്കായി 74-ാം മിനിറ്റില്‍ യെരി മിനയാണു ഹെഡ്ഡറിലൂടെ വിജയഗോള്‍ കണ്ടെത്തിയത്. കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു മിനയുടെ ഗോള്‍. 59-ാം മിനിറ്റില്‍ യാന്‍ ബെദ്നാരെക് പോളണ്ടിന്റെ വിജയഗോള്‍ കുറിച്ചു. ടൂര്‍ണമെന്റില്‍ പോളണ്ടിന്റെ ആദ്യ വിജയമാണിത്.