• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പൂഞ്ഞാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ കുമാരമേനോന്‍ അന്തരിച്ചു

പൂഞ്ഞാര്‍ > പൂഞ്ഞാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പൂഞ്ഞാര്‍ തട്ടുങ്കതാഴെ കെ കുമാരമേനോന്‍(92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച്‌ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നിര്യാണം. മൃതദേഹം ചൊവ്വാഴ്ച പകല്‍ 12ന്‌ പൂഞ്ഞാര്‍ പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പകല്‍ മൂന്നിന് സിപിഐ എം പൂഞ്ഞാര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് (ഇഎംഎസ് ഭവന്‍) സമീപം സംസ്കാരം നടക്കും. 

ഭാര്യ ശാരദ കയ്യൂര്‍ കുളപ്പുറത്ത് കുടുംബാഗം. മക്കള്‍ ബീന (പ്രൊഫ.ഡി.ബി.കോളേജ് തലയോലപ്പറമ്ബ്), സിന്ധു, ജാന്‍സി, ജയന്തി (ഡി.ബി എച്ച്‌.എസ്.എസ് തിരുവല്ല) മരുമക്കള്‍ അഡ്വ. കെ ആര്‍ മുരളീധരന്‍ കിഴക്കേതില്‍, കെ ആനന്ദ് കുമാര്‍ (എസ്ബിഐ ബറോഡ ), ജഗദീഷ് കുമാര്‍ (ബഹ്റിന്‍), എ പി മുരളീധരന്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍ കുസാറ്റ്). 

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപക മെമ്ബറായ ഇദ്ദേഹം 1966 മുതല്‍ 1979 വരെ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. 1956 മുതല്‍ ഇദ്ദേഹം പാര്‍ട്ടി അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമായും, സിപിഐ എം കാലടി ലോക്കല്‍ കമ്മറ്റി അംഗമായും അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ നിയമസഭയിലേയ്ക്കും മത്സരിച്ചു.

കാലടി ശ്രീശങ്കരയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ശ്രീശങ്കരാ കോളേജില്‍ നിന്ന് സാമ്ബത്തികശാസ്‌ത്രവിഭാഗം മേധാവിയായാണ്‌ വിരമിച്ചത്.

പൂഞ്ഞാര്‍ അവിട്ടം തിരുനാള്‍ സ്മാരക ഗ്രന്ഥശാല(എറ്റിഎം ലൈബ്രറി)യുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എടിഎം ലൈബ്രറിയ്ക്ക് വേണ്ട അലമാരയും പുസ്തകങ്ങളും വാങ്ങാനുള്ള പണം കണ്ടെത്താന്‍ പല നാടകങ്ങളിലും കുമാരമേനോന്‍ അഭിനയിച്ചിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ വിശറിക്ക് കാറ്റ് വേണ്ട, തൂവലും തൂമ്ബായും തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

Top