തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന ‘ഹഡില്‍ കേരള’ സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ കോവളം ലീല ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും(പിച്ചിങ്) മുന്‍നിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ‘ഹഡില്‍ കേരള’.
മുഖ്യമന്ത്രി പിണറായി വിജയന്‍ 'ഹഡില്‍ കേരള' ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി, നെതര്‍ലന്‍ഡ്സ് രാജകുമാരന്‍ കോണ്‍സ്റ്റാന്‍റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അതിഥികളാകും.
ചര്‍ച്ചകള്‍ക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ‘ഹഡില്‍ കേരള’ പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സമ്മേളനമൊരുക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാന്‍ ഏപ്രില്‍ മൂന്നുവരെ www.huddle.net.in. എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം.
ആശയങ്ങളുമായി മുന്നോട്ടുവന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികള്‍ തമ്മില്‍ നടക്കുന്ന 'ഹഡില്‍ 100' മല്‍സരം സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ തുടങ്ങും. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികള്‍ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുന്‍നിര വിപണിനേതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളില്‍നിന്ന് സെമി ഫൈനല്‍ ടീമുകളെയും പിന്നീട് ഫൈനല്‍ ടീമുകളെയും തിരഞ്ഞെടുക്കും.
പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റാര്‍ട്ടപ് സോണി(ഡെമോ ബൂത്ത്)ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ആഗോള ലൊക്കേഷന്‍ മാര്‍ക്കറ്റിങ് സ്പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.