ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി. അനില്‍ അക്കര എംഎല്‍എയാണ് ദീപാ നിശാന്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ആലത്തൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്വം അനില്‍ അക്കരയ്‌ക്കാണ്.
സ്ഥാനാര്‍ത്ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ട് പിടിക്കുന്നത് ജനങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു ദീപാ നിശാന്ത് ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ത്ഥി എത്ര നന്നായി പാടുന്നുവെന്നതോ ഡാന്‍സ് കളിക്കുന്നുവെന്നതോ വിഷയമല്ല. സ്ഥാനാര്‍ത്ഥി ഏത് മതവിശ്വാസി ആണെന്നതും വിഷയമാക്കേണ്ടതില്ലെന്ന് ദീപാ നിശാന്ത് പറയുന്നു.
`സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.` എന്നായിരുന്നു രമ്യാ ഹരിദാസിനെതിരെ ദീപാ നിശാന്ത് വിമര്‍ശനം ഉന്നയിച്ചത്.
നേരത്തെ കവി എസ് കലേഷിന്റെ കവിത പകര്‍ത്തി മറ്റൊരു മാസികയില്‍ പ്രസിദ്ധീകരിച്ചതിന് ആരോപണം നേരിട്ടിട്ടുള്ള ദീപാ നിശാന്ത് അന്ന് മാപ്പുപറഞ്ഞിരുന്നു.