തൃശ്ശൂര്‍: സംസ്ഥാനം സമ്ബൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നു. ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കുന്നു. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്. അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്.
ജൂണ്‍ മുതല്‍ ആറുമാസമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കാന്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന സമയം. പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകളും തുടങ്ങണം.
മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന നക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയും ലഭിക്കാം. സ്ഥാപനങ്ങള്‍ക്ക് ബോര്‍ഡ് നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്യും. ആദ്യഘട്ട നിരോധനത്തിന്റെ ഫലപ്രാപ്തി വിലയിരുത്തിയശേഷമായിരിക്കും ഓരോ മേഖലയിലായി തുടര്‍നിരോധനം കൊണ്ടുവരിക.
ഒരുദിവസം 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
തൃശ്ശൂര്‍: ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു മാത്രം ഒരുദിവസം 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറംതള്ളുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2015-ലെ റിപ്പോര്‍ട്ടിലാണിത് പറയുന്നത്. പഠനത്തിന് തിരഞ്ഞെടുത്ത അറുപത് ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍നിന്നുള്ളത് കൊച്ചിയാണ്. ഒരു ദിവസം 9.43 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കൊച്ചി പുറംതള്ളുന്നത്.
പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 9,000 ടണ്‍ സംസ്‌കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുന്നു. ബാക്കി 6000 ടണ്‍ ഓടകളിലും തെരുവുകളിലും ജലാശയങ്ങളിലും എത്തുന്നു.