• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാണാന്‍ പാടില്ലാത്ത എന്താണ്‌ മോദി കോപ്‌റ്ററില്‍ കൊണ്ടുപോയതെന്ന്‌ കോണ്‍ഗ്രസ്‌

ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന്‌ ആഗ്രഹിക്കുന്ന എന്താണ്‌ അദ്ദേഹത്തിന്റെ ഹെലികോപ്‌റ്ററില്‍ കൊണ്ടുപോയതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌. മോദിയുടെ ഹെലികോപ്‌റ്റര്‍ പരിശോധിച്ച തിരഞ്ഞെടുപ്പു നിരീക്ഷകനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടിക്കെതിരെയാണു കോണ്‍ഗ്രസ്‌ ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചത്‌.

'തന്റെ ജോലി കൃത്യമായി ചെയ്‌ത ഒരു ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നു. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നു നിയമമുണ്ട്‌. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. ഇന്ത്യ കാണാന്‍ പാടില്ലാത്ത എന്താണു മോദി ഹെലികോപ്‌റ്ററില്‍ കൊണ്ടുപോയത്‌?' കോണ്‍ഗ്രസ്‌ ട്വീറ്റില്‍ ചോദിച്ചു.

ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്‌റ്ററാണു തിരഞ്ഞെടുപ്പ്‌ നിരീക്ഷകന്‍ മുഹമ്മദ്‌ മൊഹസിന്‍ പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല നടപടിയെന്നും എസ്‌പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും കാണിച്ചാണു തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മൊഹസിനെതിരെ നടപടിയെടുത്തത്‌.

എന്നാല്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്‌റ്ററുകള്‍ പരിശോധനയ്‌ക്കു വിധേയമാക്കിയിരുന്നു. തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും കോണ്‍ഗ്രസ്‌ നേരത്തെ ആരോപിച്ചിരുന്നു.

Top