ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ബി.ജെ.പിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതാവ് ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് തെളിവായി ടെലഫോണ്‍ സന്ദേശവും കോണ്‍ഗ്രസ് പുറത്ത് വിട്ടു.
റായ്ചൂർ റൂറലിൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകി
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കും തടയാന്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍ ആണെന്നിരിക്കെ ചടുലമായ നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്നിരിക്കെ ഇരുഭാഗത്ത് നിന്നും എന്ത് ആയുധം വേണമെങ്കിലും പ്രതീക്ഷിക്കാം.