ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ആശയം പരിഷ്കരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് "ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ്' ഈ നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റവര്‍ഷം നടത്താനുള്ള പ്രധാനമന്ത്രിയുടെ ആശയം സംബന്ധിച്ചു നിയമ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം തേടിയിരുന്നു. അഞ്ച് ഭരണഘടനാ വിഷയങ്ങളിലും പതിനഞ്ച് സാമൂഹിക, സാന്പത്തിക പ്രശ്നങ്ങളിലും മറുപടി നല്കാന് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ കത്തിന് ഏപ്രില്‍ 24ന് നല്കിയ മറുപടിയിലാണ് കമ്മീഷന് "ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാബല്യത്തിലാക്കാനായി നിലവിലെ നിയമ, സാന്പത്തിക വശങ്ങള് മറികടക്കാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ അഞ്ച് നിയമഭേദഗതി ആവശ്യമാണ്. ഒരു വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് താരതമ്യേന എളുപ്പമാണെന്നും നിയമ പ്രശ്നങ്ങള്‍ അധികമില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
നിയമസഭയുടെ കാലാവധി കഴിയുന്നതിന് ആറുമാസം മുന്‍പു തെരഞ്ഞെടുപ്പ് നടത്തുന്നതാണു നിലവിലെ രീതി. ഇത് ഒരുവര്‍ഷം എന്നാക്കി മാറ്റി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര നിയമ കമ്മീഷനു നല്കിയ നിര്‍ദേശം. കമ്മീഷന് നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കും.