കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാരുകള്‍ ഇത് എങ്ങനെ പ്രതിരോധിക്കുമെന്ന് പരിശോധിച്ച് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. കൊറോണ വൈറസ് ബാധയെ ഇന്ത്യ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ യുഎസ് ഏജന്‍സികള്‍ക്ക് ആശങ്കയുണ്ടെന്നാണു വിവരം.
ഇന്ത്യയില്‍ വൈറസ് ബാധിച്ച വളരെ കുറച്ചു കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എങ്കിലും രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പടര്‍ന്നു പിടിക്കുന്നതിനുള്ള വൈറസിന്റെ ശേഷിയും വച്ചു നോക്കിയാല്‍ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചു ഗുരുതരമായ ഉത്‌കണ്‌ഠയുണ്ടെന്ന് യുഎസ് ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന കഴിഞ്ഞാല്‍ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറാനിലെ പ്രവര്‍ത്തനങ്ങളും ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇറാനില്‍ ആരോഗ്യ സഹമന്ത്രിക്കടക്കം കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ യഥാര്‍ഥ വിവരങ്ങള്‍ ഇറാന്‍ മറച്ചുവയ്‌ക്കുകയാണോയെന്ന് ഉത്‌കണ്‌ഠയുള്ളതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. കൊറോണ ബാധയെ പ്രതിരോധിക്കാനുള്ളത്രയും സംവിധാനങ്ങള്‍ ഇറാന്റെ പക്കലില്ലെന്നാണു യുഎസ് നിലപാട്.