നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തീര്‍പ്പാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടി തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. അതേസമയം പകര്‍പ്പിന് തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. സുപ്രീം കോടതി കേസ് മേയ് ഒന്നിന് പരിഗണിക്കുന്നതിന് മാറ്റിവച്ചു. ഇതോടെ വിചാരണക്കോടതിയിലെ നടപടികള്‍ വൈകുമെന്ന് ഉറപ്പായി.
നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഈ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.