കോവിഡ് ഭീഷണിയില്‍നിന്നു രാജ്യത്തെ കരകയറ്റാനുള്ള ദൗത്യത്തില്‍ സജീവ സാന്നിധ്യമായി പ്രതിരോധ സേനകള്‍. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോഴാണ്, രാജ്യത്തിനകത്തെ ആരോഗ്യ പ്രതിസന്ധി പരിഹരിക്കാനുള്ള സുപ്രധാന ദൗത്യത്തിലും കര, വ്യോമ, നാവിക സേനകള്‍ രംഗത്തുള്ളത്.
ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണു പ്രതിരോധ സേനകളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. വിവിധ സേനകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചു.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുക എന്ന ദൗത്യമാണു വ്യോമസേന ഏറ്റെടുത്തത്. മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുപോകുന്നതിനാവശ്യമായ കൂറ്റന്‍ ക്രയോജനിക് കണ്ടെയ്‌നറുകളുടെ ക്ഷാമം ഇന്ത്യ നേരിടുന്നുണ്ട്. അവ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ വ്യോമസേനയെ ഏല്‍പിച്ചു. സി 17, ഐഎല്‍ 76, സി 130 ജെ, എഎന്‍ 32 ചരക്കു വിമാനങ്ങളാണ് ഈ ദൗത്യത്തിനായി സേന രംഗത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ പറക്കാന്‍ ചിനൂക്, മി 17 ഹെലികോപ്‌റ്ററുകളെയും തയാറാക്കി നിര്‍ത്തി.
ജര്‍മനി, സിംഗപ്പുര്‍ എന്നിവ സഹായം വാഗ്‌ദാനം ചെയ്‌തതോടെ, വ്യോമസേനയുടെ ചരക്കു വിമാനങ്ങള്‍ അവിടേക്കു പറന്നു. ഒരു മിനിറ്റില്‍ 40 ലീറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള 23 ഉപകരണങ്ങള്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്‌തു. സിംഗപ്പുരില്‍നിന്ന് 4 ഓക്‌സിജന്‍ കണ്ടെയ്‌നറുകളുമായി സേനാ വിമാനം കഴിഞ്ഞ ദിവസം ബംഗാളിലെ പാണാഗഡ് വ്യോമതാവളത്തില്‍ പറന്നിറങ്ങി.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലേക്കു കണ്ടെയ്‌നറുകള്‍ എത്തിക്കാനും സേനാ വിമാനങ്ങള്‍ രംഗത്തുണ്ട്. കാലി കണ്ടെയ്‌നറുകള്‍ സംസ്ഥാനങ്ങളിലെത്തിച്ച ശേഷം അവയിലേക്ക് ഓക്‌സിജന്‍ നിറയ്‌ക്കും. തുടര്‍ന്ന്, അവ റോഡ്, റയില്‍ മാര്‍ഗം ആശുപത്രികളിലെത്തിക്കും. മെഡിക്കല്‍ ഓക്‌സിജന്റെ സാന്നിധ്യം തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍, അവ നിറച്ച കണ്ടെയ്‌നറുകളുമായി വിമാനം പറക്കില്ല.
കോവിഡ് ബാധിതരെ ചികില്‍സിക്കുന്നതിനാവശ്യമായ താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാനുള്ള ദൗത്യമാണു കരസേന ഏറ്റെടുത്തത്. സ്ഥിതി ഏറ്റവും വഷളായ ഡല്‍ഹിയില്‍ കന്റോണ്‍മെന്റ് മേഖലയില്‍ 1000 പേരെ ചികില്‍സിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ആശുപത്രി സേന സജ്ജമാക്കി.