കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണു നിര്‍ദേശം നല്‍കിയത്.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ പോലും കോവിഡ് ബാധിതരാകാനും പ്രചാരകരാകാനും സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്‌ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സീന്‍ സ്വീകരിക്കണം.
എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍നിന്ന് ആറടി അകലം പാലിക്കുകയും കൂട്ടംകൂടല്‍ ഒഴിവാക്കുകയും കൈകള്‍ കഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്'സിഡിസി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. യുകെ ഇന്ത്യയെ 'റെഡ് ലിസ്റ്റി'ല്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.
പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇതോടെ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടനില്‍ താമസിക്കാന്‍ നിലവില്‍ അനുമതിയുള്ളവര്‍ക്കും മാത്രമായി ചുരുങ്ങും.