മറ്റ് രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വിദേശത്ത് ഉല്‌പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനം.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള പ്രധാന നടപടികളിലൊന്നായാണ് വാക്‌സിനേഷനെ കേന്ദ്രം കാണുന്നത്. നിലവില്‍ രണ്ടുവാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്‌പുട്‌നിക്കിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന്റെ അതേ മാതൃകയില്‍ കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്ര തീരുമാനം.
അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുളളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയില്‍ പെടുത്തിയിട്ടുളളതുമായ വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചടുത്തതും ഉല്‌പാദിപ്പിക്കുന്നതുമായ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കാം എന്ന വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.