• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശുഭസൂചനയുമായി ഇന്ത്യയുടെ വാക്‌സീന്‍ പരീക്ഷണം; പ്രാഥമിക ഫലം സുരക്ഷിതം

കോവിഡിനെ നേരിടാന്‍ ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന്‌ റിപ്പോര്‍ട്ട്‌. ഭാരത്‌ ബയോടെക്കും ഐസിഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ്‌ 1 ഘട്ടത്തിലാണ്‌.

രാജ്യത്തെ 12 ഇടങ്ങളിലായി 375 വൊളന്റിയര്‍മാരിലാണ്‌ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്‌. ഓരോരുത്തര്‍ക്കും രണ്ടു ഡോസ്‌ വാക്‌സിന്‍ നല്‍കിയെന്നും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നവര്‍ അറിയിച്ചു.

'വാക്‌സീന്‍ ഇതുവരെ സുരക്ഷിതമാണ്‌. തങ്ങളുടെ സൈറ്റില്‍ പരീക്ഷണം നടത്തിയവരില്‍ വിപരീത പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല' റോഹ്‌തക്ക്‌ പിജിഐയില്‍ വാക്‌സീന്‍ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സവിത വര്‍മ പറഞ്ഞു. രണ്ടാം ഡോസ്‌ കൊടുത്തിട്ടും വൊളന്റിയര്‍മാര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സഞ്‌ജയ്‌ റായ്‌ പറഞ്ഞു. ഇവിടെ 16 പേരിലാണ്‌ പരീക്ഷണം നടത്തിയത്‌.

രണ്ടാം ഡോസ്‌ നല്‍കിയപ്പോള്‍ വൊളന്റിയര്‍മാരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച്‌ വാക്‌സീന്റെ പ്രതിരോധശേഷി അളക്കും. ഓഗസ്റ്റ്‌ അവസാനത്തോടെ ഫേസ്‌ 1 പൂര്‍ത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വേര്‍തിരിച്ചെടുത്ത സാര്‍സ്‌ കോവ്‌ 2 വൈറസിന്റെ ശ്രേണിയാണ്‌ വാക്‌സീന്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചത്‌. ഈ 12 ഇടങ്ങളിലെയും പരീക്ഷണത്തിന്റെ ഫലം അനുകൂലമാണെങ്കില്‍ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ അനുമതിക്കായി ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറലിനെ സമീപിക്കും. എല്ലാം മികച്ച രീതിയില്‍ നടന്നാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ത്തന്നെ വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ്‌ വിവരം.

Top