കോവിഡ് വാക്‌സീനുകള്‍ പുതുവര്‍ഷത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓക്‌സ്‌ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ ട്രയല്‍ പൂര്‍ത്തിയായി. ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. യുകെ അനുമതി നല്‍കിയാല്‍ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കും.
ഫൈസര്‍, മൊഡേണ വാക്‌സീനുകളുടെ പരീക്ഷണ പുരോഗതിയും നിരീക്ഷിക്കുന്നു. റഷ്യയുടെ സ്‌പുട്‌നിക് വാക്‌സീന്റെ രണ്ടും മൂന്നും ട്രയലുകള്‍ വൈകാതെ തുടങ്ങും. ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും അവസാനഘട്ടത്തിലാണ്.
രാജ്യത്തു കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിര്‍ണായകമാണെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളും ഉത്സവ സീസണും മൂലമുള്ള തിരക്കിന്റെ പരിണതഫലം അറിയാനുണ്ട്.
ഇതേസമയം രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു. മരണം ദിവസം ശരാശരി 1,30,797.
പ്രതിദിന കേസുകളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയാണ് ഇപ്പോള്‍. നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ ഒന്നാമതു മഹാരാഷ്ട്രയും രണ്ടാമതു കേരളവുമാണ്.