• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മോഷണത്തിന്‌ സാധ്യത: ഇന്ത്യന്‍ വാക്‌സീന്‍ സൂക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ രഹസ്യകേന്ദ്രം

രാജ്യത്ത്‌ കോവിഡ്‌ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന്‌ വാങ്ങുന്ന 15 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സീന്‍ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമെന്ന്‌ ദക്ഷിണാഫ്രിക്ക. വ്യാപകമായി വാക്‌സീന്‍ കൊള്ളയടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ്‌ തീരുമാനമെന്ന്‌ ആരോഗ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച്‌ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കോവിഡ്‌ വാക്‌സീനുമായി ബന്ധപ്പെട്ട്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക്‌ ദക്ഷിണാഫ്രിക്കയില്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈറസ്‌ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല വികസിപ്പിച്ച്‌, പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ്‌ വാക്‌സീനുകള്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്‌.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത്‌ ഏറ്റവും മൂല്യമുള്ള വസ്‌തു കോവിഡ്‌ വാക്‌സീനാണ്‌. മോഷ്ടിക്കപ്പെട്ടാല്‍ കരിഞ്ചന്തയില്‍ കൊള്ളവിലയ്‌ക്ക്‌ വില്‍ക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത്‌ ഒഴിവാക്കാനാണ്‌ രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ വാക്‌സീന്‍ വിതരണത്തിനു പൊതുസംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആദ്യം 10 ലക്ഷം ഡോസ്‌ വാക്‌സീനാണ്‌ ആവശ്യപ്പെട്ടതെങ്കിലും രോഗവ്യാപനം കണക്കിലെടുത്ത്‌ 5 ലക്ഷം ഡോസുകള്‍ അധികമായി ചോദിച്ചു. 10 ലക്ഷം ഡോസുകള്‍ ഈ മാസവും 5 ലക്ഷം ഡോസുകള്‍ ഫെബ്രുവരിയിലും ഇന്ത്യ കൈമാറും. ആരോഗ്യമന്ത്രി സ്വെലി മഖൈസ്‌ ആണ്‌ കോവിഷീല്‍!ഡ്‌ വാക്‌സീന്‍ ഇന്ത്യയില്‍ നിന്ന്‌ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയത്‌. രാജ്യത്ത്‌ 1,231,597 പേര്‍ കോവിഡ്‌ ബാധിതരാണ്‌. 33,163 പേര്‍ ഇതുവരെ മരിച്ചു.

Top