സംസ്ഥാനത്ത്, ആദ്യഘട്ടത്തേക്കാള്‍ അതിവേഗത്തിലാണ് രണ്ടാം വരവില്‍ കോവിഡ് വ്യാപനമെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാര്‍ഗങ്ങള്‍ പൂര്‍ണമായും കൈവിട്ടതോടെ രണ്ടുമാസത്തിനകം ഇപ്പോള്‍ താഴ്‌ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നേക്കാമെന്നാണ് നിഗമനം. രോഗവ്യാപനം കണക്കിലെടുത്ത് 45നു മുകളില്‍ പ്രായമുള്ളവര്‍ എത്രയും വേഗം വാക്‌സീന്‍ സ്വീകരിക്കമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ആദ്യഘട്ടത്തില്‍ 30,000ല്‍ നിന്ന് 60,000ലേക്ക് കോവിഡ് പ്രതിദിന വര്‍ധനയെത്താന്‍ 23 ദിവസം എടുത്തെങ്കില്‍ രണ്ടാം വരവില്‍ 10 ദിവസമേ വേണ്ടി വന്നുളളൂ. കോവിഡ് വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. വ്യാപനശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണു സൂചനകള്‍.
യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്റ്റര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്‌സീനെടുത്തിട്ടുളളൂ. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് കോവിഡ് വന്നുപോയത്. അതിനര്‍ഥം മൂന്നരക്കോടി ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നു കൂടിയാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.