കൊല്ലം : ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് സി.പി.ഐയുടെ പരോക്ഷ വിമര്‍ശനം. നടപടികള്‍ക്ക് ഇത്രയും ധൃതി പാടില്ലായിരുന്നെന്നും ഇത്തരം വിഷയങ്ങളില്‍ വൈകാരിക നിലപാട് സ്വീകരിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
നാല് തെക്കന്‍ ജില്ലകളുടെ മേഖലാ ജനറല്‍ ബോഡിയില്‍ റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലര്‍ എടുത്തുചാടി നടത്തിയ പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. വികാരപരമായ വിഷയങ്ങളില്‍ പ്രതികരിക്കുമ്ബോള്‍ അത് എതിരാളികള്‍ക്ക് അവസരം നല്‍കുന്നതാകരുത്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്.എന്നാല്‍ അത് കൂടുതല്‍ അവധാനതയോടെ ചെയ്യണം. വിധിയുടെ പൂര്‍ണ രൂപം അറിയും മുമ്ബ് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. വിധിനടപ്പാക്കുമ്ബോള് ഉയരാവുന്ന പ്രതിഷേധം മുന്‍കൂട്ടി കാണണം.
ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോഴും വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും കെട്ടടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടന്നപ്പോഴും പ്രതിഷേധം ഉയര്‍ന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പുറത്തിറക്കുന്ന ലഘുലേഘയും യോഗത്തില്‍ വിതരണം ചെയ്തു. പാര്‍ട്ടി ഘടകങ്ങളെ ബോധവത്കരിക്കാന്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും 24ന് കൊല്ലത്ത് മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന വിശദീകരണയോഗം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
തട്ടാമല ലാലാസ് കണ്വെന്ഷന് സെന്ററില്‍ നടന്ന മേഖലാ ജനറല്‍ബോഡിയില്‍ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു, ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ. ഇസ്മായില്‍ എന്നിവരും സംബന്ധിച്ചു. ജി.ആര്. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന് സ്വാഗതം പറഞ്ഞു.