മലപ്പുറം∙ കെ.എം. മാണിയെ എല്‍ഡിഎഫിന്റെ കൂടെ കൂട്ടുന്നതു മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നു സിപിഐ സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. അവസരവാദികളെയും അഴിമതിക്കാരെയും മുന്നണിയിലെടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണ്. വര്‍ഗീയ പാര്‍ട്ടികള്‍ എല്‍ഡിഎഫില്‍ വേണ്ട. മഅദനിയെ കൂടെ കൂട്ടിയപ്പോള്‍ ഉണ്ടായ തിരിച്ചടി ഓര്‍മിക്കണമെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെയും വിമര്‍ശനമുണ്ട്.
അഴിമതിക്കാരേയും അവസരവാദികളേയും മുന്നണിയില്‍ കൂട്ടാമെന്ന വ്യാമോഹം വേണ്ട. ഇത് വിപരീതഫലമുണ്ടാക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇത്തരക്കാരെ മുന്നണിയില്‍ കൂട്ടിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍പ് തന്നെ വ്യക്തമായതാണ്. ഡി.ഐ.സിയേയും, പി.ജെ. ജോസഫിനേയും കൂട്ടിയത് ഉദാഹരണം.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ മാണിയെ വേദിയില്‍ ഇരുത്തി കാനം രാജേന്ദ്രന്‍ അഴിമതിക്കെതിരെ സംസാരിച്ച് മാണിക്കെതിരെ ഒളിയമ്പെയ്തിരുന്നു. മുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് മാണിയെ മുന്നണിയിലേക്ക് അടുപ്പിക്കേണ്ടെന്ന ശക്തമായ നിലപാടുമായി സി.പി.ഐ രംഗത്തെത്തിയത്.