കൊൽക്കത്ത∙ ത്രിപുരയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെ സിപിഎം ബംഗാള്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ടെന്നു വാദിക്കുന്ന കാരാട്ട് പക്ഷത്തിനും കേരളഘടകത്തിനും എതിരെ രൂക്ഷവിമര്‍ശനത്തിനു സാധ്യത ഏറെയാണ്. യച്ചൂരിയുടെ ലൈനിന് അനുകൂലമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ ചര്‍ച്ചയാകും.
ത്രിപുരയിലെ ചെങ്കോട്ട തകര്‍ന്നതോടെ ബിജെപിയെ വീഴ്ത്താന്‍ പാര്‍ട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയനയത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ വീണ്ടും ബലപ്പെട്ടത്തിനു പിന്നാലെയാണു സിപിഎം ബംഗാള്‍ സംസ്ഥാന സമ്മേളനം തുടങ്ങുന്നത്. ബിജെപിയെന്ന പ്രഥമശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നവരാണു ബംഗാള്‍ ഘടകം. ത്രിപുരയിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല മതേതരസഖ്യം വേണമെന്ന ആവശ്യത്തിനു കൂടുതല്‍ പ്രസക്തിയേറിയിരിക്കുകയാണെന്നാണു ബംഗാള്‍ നേതാക്കള്‍ പറയുന്നത്.