തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തെറ്റുതിരുത്തല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം യോഗത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍മനം. നേതാക്കള്‍ സുഖിമാന്‍മാരാകുന്നു, ശൈലി മാറ്റത്തിന് നേതാക്കള്‍ തയ്യാറാകണം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നേതൃത്വം മടികാണിക്കുകയാണെന്ന സ്വയം വിമര്‍ശനവും പാര്‍ട്ടിയോഗത്തില്‍ ഉയര്‍ന്നു. സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു.
സംഘടനാതലത്തിലെ വീഴ്‌ച തിരുത്താനുള്ള പ്ലീനം നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയിട്ടുള്ളത്. പ്രസംഗത്തിലെയും പ്രവൃത്തിയിലേയും ശൈലീ മാറ്റങ്ങള്‍ക്കൊപ്പം സംഘടനാ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി നേതാക്കള്‍ക്ക് ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.